ലോക്ക്
ഡൗൺ
2019ലെ നിഘണ്ടുവിൽ നിന്ന് ഇറങ്ങി
വന്ന് അവൻ പരിചയപ്പെടുത്തി
'ഞാൻ ലവനെ പോലെ അപകടകാരിയല്ല'
അവനെ
പരിചയപ്പെട്ടതു മുതൽ ഞാൻ എന്റെ പോക്കുവരവുകൾ വീട്ടിൽ അടക്കം ചെയ്തു
വീട്ടിൽ
ഞാൻ വർത്തമാനം ലോക്ക് ഡൗൺ ചെയ്തുവെങ്കിലും
മൊബൈലിന്റെ ലോക്ക്പല തവണ പൊളിച്ചു.
ഇടവേളകളിൽ
ജാലകവരി പകുത്തുതന്ന പുറം കാഴ്ചകളിൽ ഞാൻ നിരാശനായി
പറവകൾക്കും
തുമ്പികൾക്കും ലോക്ക് ഡൗണില്ല
അവർ
ആകാശം പൊട്ടിച്ച് ഭൂമിയിലേക്കും ഭൂമി പൊട്ടിച്ച് ആകാശത്തേക്കും കുതിക്കുന്നു
സകല
ചരാചരങ്ങർക്കും ബാധകമല്ലാത്ത നിഘണ്ടുവിലെ ലോക്ക് ഡൗണിനെ വിസ്തരിച്ച് അറിയാനുള്ള
ആകാംക്ഷയിൽ ഒരു നാൾ ഞാൻ വീടിന്റെ താഴ്
തുറന്നു .
ആരുടെയൊക്കെയോ
ജീവിതത്തിന് ലോക്ക് ഡൗണിന്റെ ചുവപ്പടയാളങ്ങൾ നൽകിയ നിരത്തുകളിൽ ഒറ്റപ്പെട്ടതുരുത്തുകൾ പോലെ ചില
വാഹനങ്ങൾ മാത്രം
തെരുവുകളിൽ
വഴി തെറ്റി വന്ന മനുഷ്യർ മാത്രം
പുസ്തകത്തിലെ
മയിൽപ്പീലികൾ പെറ്റുപെരുകും പോലെ
നിഘണ്ടുവിലെ പദങ്ങൾക്ക്
അർത്ഥവിത്യാസങ്ങളുണ്ടാകുമെന്ന
സന്ദേഹത്താൽ
ഞാൻ
വീണ്ടും താക്കോൽ കൂട്ടങ്ങളുമായി മൽസരിച്ച
വീടിന്റെ താഴിനെ ഇടതുസ്വതന്ത്രനാക്കി.
ലോക്ക്
ഡൗൺ ഇപ്പോൾ പഴയ പോലെയല്ല
പോലീസുകാർ
ഭീകരജീവികളല്ല
തെരുവിലെ
വഴി തെറ്റിയവർ കുട്ടം തെറ്റി മേയുന്നില്ല
നിരത്തുകളും
വാഹനങ്ങളും ചുറ്റിപ്പിണയുന്നു
കടകളിലെ
നിരപ്പലകകൾ തെരുവിലേക്ക് മിഴിച്ചെപ്പ് തുറക്കുന്നു
സംശയങ്ങളുടെ
പകലറുതി കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലെത്തി
നിഘണ്ടു
തുറന്നു
ഞാൻ പുതിയ
വാക്കിനെ കണ്ടത്തേണ്ടിയിരിക്കുന്നു

